കണ്ണങ്ങാട്ട് ഭഗവതി തെയ്യം { 50 }
ഐതിഹ്യം/ചരിത്രം
*******************
പരാശക്തി കൈലാസത്തില്‍ എത്തി പരമശിവനെ വന്ദിക്കുന്നു...പരമശിവന്‍ ദേവിയെ പൊൻമകളായി സ്വീകരിച്ച് തന്റെ തന്നെ സൃഷ്ടികളായ ആറിലും അറുപതിലും ഉഗ്രപ്രതാപിയായി മാറ്റി തിരുവായുധവും തിരുമുടിയും നല്കി . പിതാവിനെ വന്ദിച്ചു ശ്രീ കൈലാസം വലം വച്ച് ഭൂമിയിലേക്ക് യാത്രത്തിരിച്ച ദേവി വലിയ സോമന്‍ പെരുമല, ചെറിയ സോമന്‍ പെരുമല, കൊക്ക ശിരസ്സ്, കോട ശിരസ്സ്. വൈരത്ത് പെരുമല, പഴശ്ശി പെരുമല എന്നിവ കടന്നു വന്ന് പയ്യാവൂര്‍ പഴശ്ശി പെരുമാളുടെ ദേവ സങ്കേതത്തില്‍ എത്തി. പഴശ്ശി പെരുമാളെ കണ്ടു വന്ദിച്ചു. ഒരു വ്യാഴവട്ടക്കാലം "പഴശ്ശി ഭഗവതി" എന്ന അപരനാമത്തില്‍ കുടികൊണ്ടു. പിന്നീട് പഴശ്ശി പെരുമാളുടെ അനുവാദം വാങ്ങി അവിടെ നിന്നു യാത്ര തിരിച്ച ദേവി വയ്യത്തുര്‍ മഠം വഴി പയ്യാവൂര്‍ വടക്കേ കാവിലെത്തി. പൊൻമകളുടെ ഉഗ്രപ്രതാപം മനസ്സിലാക്കിയ വയത്തൂര്‍ കാലിയാര്‍ ദേവിയെ അനുനയത്തോടെ സ്വീകരിച്ചു. കാര്യവും കൈകണക്കും പൊന്‍ പണ ഭാണ്ടാര കാര്യങ്ങളും ദേവിയെ എൽപ്പിച്ചു. എന്നിട്ട് വയത്തൂര്‍ കാലിയാര്‍ പറഞ്ഞു " മകളേ പൊൻമകളെ വയത്തൂര്‍, പയ്യാവൂര്,കലീല്ല്, കല്യാട്, അക്ലിയത്ത്, സോമ്മണ്യം, ഇരിങ്ങല്‍ എന്നിങ്ങനെ അഞ്ചും രണ്ടും ഏഴു സ്ഥാനങ്ങളും അമ്പത്തി രണ്ടു കാതം നാടും എന്ന് വേണ്ട എന്റെ ഇരിപ്പിടങ്ങളില്‍ ഒക്കെയും ഞാന്‍ ചില അധികാര അവകാശങ്ങള്‍ കൽപ്പിച്ചു നൽകുന്നു. എന്നാല്‍ എന്റെ പയ്യാവൂര്‍ തട്ടിനകത്തു എന്റെ ഊട്ടുത്സവം ഇരുപത്തി അഞ്ചു ആണ്ടായി മുടങ്ങി കിടക്കുകയാണ്. നീ എന്റെ ഒരു മകനേയും കൂട്ടി ഊട്ടുത്സവം ഭംഗിയായി കഴിപ്പിക്കണം. എന്റെ ഊട്ട് പത്തും പതിനൊന്നും കഴിയുന്നതുവരെ പയ്യാവൂര്‍ തട്ടിനകത്ത് യാതൊരു ആപത്തും കൂടാതെ പരിപാലിക്കണം" അത് പ്രകാരം പരിപാലിച്ചു. അപ്പോള്‍ നല്ലച്ചന്‍ വീണ്ടും കൽപ്പിച്ചു "എന്റെു ഊട്ടുത്സവത്തിനു നാനാ ഭാഗത്തു നിന്നും ആളുകളും അടിയാൻമാരും കുടിപതികളും വന്നു നിറയും. ചുകന്ന പൊന്നു കണ്ടാലും വെളുത്ത മേനി കണ്ടാലും സഹിക്കുന്നവളല്ലല്ലോ പൊൻ മകളേ നീ. അത് കൊണ്ട് ഊട്ടു കഴിയുന്നത് വരെ വണ്ണായി കടവില്‍ ഒരു കണ്ണും ഒരു കാതും പൊത്തി കഴിയണം" ഊട്ടു കഴിഞ്ഞാല്‍ ഇങ്ങോട്ട് തന്നെ കൈ എടുക്കാമെന്നും കൽപ്പിച്ചു...ദേവി നല്ലച്ചന്റെ കല്പന അനുസരിച്ചു. അതുപ്രകാരം കാവിലെ ശാന്തിക്കാരന്‍ കാർവള്ളി ബ്രാഹ്മണന്‍ വടക്കേ കാവില്‍ നിന്ന് ഭഗവതിയുടെ തിടമ്പും തിരുവായുധവും എടുത്ത് കൊമ്പും കാളവും വിളിപ്പിച്ച് തകിലും ഉരിശവും അടിപ്പിച്ച് ആഘോഷ പൂർവ്വം വണ്ണായി കടവില്‍ എഴുന്നള്ളി കരിങ്കല്‍ കട്ടിലയില്‍ ബന്ധിച്ചു. അങ്ങനെ ദേവി കൈത തണലില്‍ ആഴി നീരും കുടിച്ചു ആളുകള്‍ വരുന്നതും പോകുന്നതും നോക്കി ഇരുന്നു.ഉത്സവം ഭംഗിയായി കഴിഞ്ഞു. ഒരു മകന്റെ തേങ്ങ പൊളിയും കഴിഞ്ഞു. പക്ഷെ മുമ്പേ കൽപ്പിച്ച പ്രകാരം തിരിച്ചെഴുന്നള്ളത്ത് നടന്നില്ല. ഇതില്‍ കൊപാകുലയായ ദേവി കരിങ്കല്‍ കട്ടില തകർത്ത് സ്വർണ്ണ ചങ്ങലയും ഇരുമ്പ് ചങ്ങലയും പറിച്ചെറിഞ്ഞ് ആർത്തട്ടഹസിച്ചു കൊണ്ട് പയ്യാവൂർത്തട്ടിനു മീത്തലെത്തി. ഇടം വലം നോക്കാതെ മുന്നില്‍ കണ്ടതെല്ലാം തച്ചുടച്ച് തരിപ്പണമാക്കി.കാർവള്ളി ബ്രാഹ്മണനെ ചവിട്ടി പിളർന്ന് തന്റെ ഭൂതഗണങ്ങൾക്ക് എറിഞ്ഞു കൊടുത്തു. അപ്പോഴേക്കും വയത്തൂര്‍ കാലിയാര്‍ വിവരമറിഞ്ഞു. എതിർത്താല്‍ തടുത്തു നിർത്താന്‍ പറ്റില്ല കണ്ണന്‍ കാട്ടിയ ഭഗവതിയെ എന്ന് മനസ്സിലാക്കിയ വയത്തൂര്‍ കാലിയാര്‍ ഭഗവതിയെ അനുനയിപ്പിച്ചു. പഴശ്ശിക്കാവില്‍ മൂന്ന് ദിവസത്തെ മേലേരിയും തിരുമുടിയും വീടുതോറും കല്ല്യാംവള്ളിയും ആളുതോറും ശേഷ കോഴിയും വയത്തൂര്‍ കാലിയാര്‍ പൊൻമകൾക്ക് സമ്മതിച്ചു കൊടുത്തു, ഇതില്‍ സംപ്രീതയായ ഭഗവതി ശാന്തയായി. തുടർന്ന് മകളോട് വയത്തൂര്‍ കാലിയാർ പറഞ്ഞു " മകളേ നീ ഇനി പതിനേഴു നാട്ടിലും നിറഞ്ഞു നിൽക്കണം, ഭക്തർക്കുണ്ടാകുന്ന മഹാവ്യാധികള്‍ തഴുകിയുഴിഞ്ഞ് സുഖപ്പാട് വരുത്തണം, ദുഷ്ടരെ വധിച്ചു ശിഷ്ടരെ പരിപാലിക്കണം" വയത്തൂര്‍ കാലിയാരെ വന്ദിച്ച് ആരെയാണ് ഹിതമുള്ള ഒരു നായനാരായി കൽപ്പിക്കേണ്ടത്. ദേവി പടിഞ്ഞാറ് ഭാഗത്തായി തഴുത്ത കാടും വെളുത്ത പൊയ്കയും കണ്ടു തിരിഞ്ഞ ആ ഭാഗത്തേക്ക് തിരിഞ്ഞു.
മുപ്പത്തിമുക്കോടി കാളി ഭൂത പടയോട് കൂടി ദേവി ഭൂമി പാതാളം വഴി ഓരിച്ചേരി കല്ലില്‍ എത്തി. അവിടെ വച്ച് അക്കില്‍ മൊയോനേയും നെല്ലിക്ക തീയനേയും കണ്ടു...ആക്കില്‍ മൊയോന്‍ ദേവിയെ ദീപവും തിരിയുമായി എതിരേറ്റു. നെല്ലിക്ക തീയന്‍ ഇളനീര് നല്കി. ദാഹം അകറ്റി. അവിടെ നിന്ന് ഭഗവതിയും കാളിഭൂതപടയും നൂലിട്ടാല്‍ നിലകിട്ടാത്ത ആഴമുള്ള സമുദ്രം കാല്‍ നടയായി കടന്ന് ഉദിനൂര്‍ കൂലോം ലക്‌ഷ്യമാക്കി നടകൊണ്ടു. മടിയന്‍ ക്ഷേത്രപാലകനെ കണ്ട് വണങ്ങണമെന്നുറപ്പിച്ച ഭഗവതി പടിഞ്ഞാറേ ഗോപുരം വഴി ഉദിനൂര്‍ കോവിലിനകത്തെത്തി. കാളി ഭൂത പടയോടു കൂടി എത്തിയ ഭഗവതിയെ കണ്ട് ക്ഷേത്രപാലകന് സംശയമായി...അപ്പോള്‍ ഭഗവതി പറഞ്ഞു ഭക്ഷിക്കാനായല്ല രക്ഷിക്കാന്‍ ആണ് ഇവിടെ എഴുന്നള്ളിയിരിക്കുന്നത്. എനിക്ക് ഹിതമുള്ള ഒരു നായനാരെ തേടി ആണ് ഞാന്‍ വന്നിരിക്കുന്നത് അങ്ങയെ ഞാന്‍ എന്റെ നായനാരായി അംഗീകരിക്കുന്നു. ഭഗവതിയുടെ മറുപടി മടിയന്‍ ക്ഷേത്രപാലകനെ തൃപ്തനാക്കി. അങ്ങനെ അള്ളടം മുക്കാതം നാടിനകത്ത് മൂന്നു സ്ഥാനവും മൂന്നു ചെരിക്കല്ല്, മൂന്ന് വിരുത്തിപ്പാട്, ആളും അടിയാനും പെട്ടിയും പ്രമാണവും നാഴിയും നാരായവും താഴും താക്കോലും എന്ന് വേണ്ട എൻപേരുപ്പെട്ട വസ്തു വകകള്‍ എല്ലാം കണ്ണങ്ങാട്ടു ഭഗവതിയെ ഏൽപ്പിച്ചു. അതില്‍ ആധാരമായി കൊയോങ്കര ദേശത്തുള്ള ഇരുനൂറ്റി അമ്പതു ലോകരും മടിയന്‍ ചിത്ര പീഠത്തില്‍ വാഴുന്ന വാണവരും മുക്കാതം നാടിന്റെ മേൽക്കോയ്മ ഭഗവതിയെ ഏല്പിച്ചു. കൊല്ലം തികയുമ്പോള്‍ അമ്മ കാളരാത്രിയുടെ കളത്തിലരിയും പാട്ടും ഭംഗിയായി നടത്തിക്കുകയും അതിന്റെ കൈയും കണക്കും യാതൊരു തപ്പും പിഴയും ഇല്ലാതെ മടിയന്‍ ക്ഷേത്രപാലകനെ പറഞ്ഞു കേൾപ്പിച്ചു. കണ്ണങ്ങാട് ഭഗവതിയുടെ കഴിവില്‍ അതിരറ്റ മതിപ്പും ബോധ്യവും ക്ഷേത്ര പാലകനുണ്ടായി......
ഈ കാലത്ത് യാദവരായ കൂത്തൂര്‍ മണിയാണിയും ആമ്പിലേരി മണിയാണിയും ഉദിനൂര്‍ കൂലോത്ത് തൊഴനായി എത്തി.കുത്തൂര്‍ മണിയാണിയുടെ കെട്ടും മട്ടും ചുറ്റും നെറിയും കുറിയും അടക്കവും ഒതുക്കവും ആചാരവും ഭക്തിയും വിശ്വാസവും നന്നേ ബോധിച്ച ഭഗവതി ക്ഷേത്രപാലകന്റെ അനുമതിയോടെ കുത്തൂര്‍ മണിയാണിയുടെ വെള്ളോല മെയ്‌കുടയില്‍ ആവേശിച്ചു. തന്റെ വസതിയില്‍ സ്വസ്ഥാനത്ത് കുട വെച്ചെങ്കിലും അത് ഇളകി തുടങ്ങി. അദ്ഭുത പരതന്ത്രനായ ആ ഭക്തന്‍ പ്രശ്നചിന്ത നടത്തി കണ്ണങ്ങാട്ടു ഭഗവതിയുടെ സാന്നിധ്യം മനസ്സിലാക്കി...തന്റെ കന്നികൊട്ടിലില്‍ കുടിയിരുത്തി നിവേദ്യാദികള്‍ നല്കി പരിപാലിച്ചു....
അവിടുന്നു നിന്നും ഭഗവതി പയ്യന്നൂര്‍ പെരുമാളെ ചെന്ന് വന്ദിച്ചു.......ശത്രുക്കള്‍ വരുന്ന വഴിക്ക് കാവലാള്‍ ആകാന്‍ പറ്റിയ ഭഗവതിയാണ് എഴുന്നള്ളി ഇരിക്കുനത് എന്ന് മനസ്സിലാക്കിയ പെരുമാള്‍ ശങ്കൂരിചാല് ,പുന്നക്ക പുഴ, നാരങ്ങതോട്, കല്ലിന്മുഖം എന്നീ നാല് അതിരുകള്‍ക്കുള്ളില്‍ എവിടെയും നിലനിന്നു ശത്രുക്കളെ ഹനിച്ചു ഭക്തരെ പരിരക്ഷിക്കാനുള്ള അനുവാദം നല്‍കി.....അത് പ്രകാരം ആറുകിരിയത്തുള്ളവരോട് കൂടി ക്ഷേത്രം പണി ചെയത് പ്രതിഷ്ഠയും ചെയ്തു...12 സംക്രാന്തി, ആദ്യം വരുന്ന ചൊവാഴ്ച, പൂരം, പുത്തരി, ഉദയാസ്തമനം, വടക്കേം ഭാഗം, മേലേരി, തിരുമുടി തുടങ്ങി അനേകം അടിയന്തിരാദികളും കല്‍പ്പിച്ചു നല്‍കി.......അങ്ങനെ ഭഗവതി ആദി കണ്ണങ്ങാടായ കൊറ്റികയില്‍ നില നിന്നു....
10 വീട്ടുകാരും 16 തിരുമന ആറിടത്തില്‍ വാഴുന്നവരും പയന്നൂര്‍ തറയിലെ ലോകരും 3 കഴകവും നാല് കൊട്ടില്‍ പരദേവതമാരും കണ്ണങ്ങാട്ട് ഭഗവതിക്ക് ബന്ധുക്കള്‍ ആയി.....അവിടുന്ന് സഞ്ചരിച്ച ഭഗവതി 11 കണ്ണങ്ങാടും 22 ദേശവും ഒരു പോലെ പരിപാലിച്ചു....
കൊറ്റി(4 ദേശം), കാരളിക്കര(1 ദേശം), കൊക്കനിശ്ശേരി(4 ദേശം), രാമന്തളി താമരത്തുരുത്തി(2 ദേശം), എടനാട്(1 ദേശം) ,കാങ്കോല്‍(2 ദേശം), ആലപടമ്പ്(1 ദേശം), പെരിങ്ങോം(2 ദേശം), കുറ്റൂര്‍ (3 ദേശം) ആലക്കാട്(1 ദേശം), വെള്ളോറ(1 ദേശം) എന്നിങ്ങനെ 11 സ്ഥാനങ്ങലില്‍ ആയി 22 ദേശത്ത് നില നിന്ന് ഭക്തരെ പരിപാലിക്കുന്നു അമ്മ യോഗ മായാ ദേവി...
കടപ്പാട് Ramanthali Kannangad