story malayalam

 9  വർഷങ്ങൾ പോയത് എത്ര പെട്ടെന്നാണ്..  ഓരോ വെക്കേഷനിലും ഞാൻ ചന്ദ്രമ്മാന്റെ വീടിനു പുറത്തുണ്ടായിരുന്ന തിണ്ണയിൽ വെളുത്ത അംബാസിഡർ കാറിന്റെ വരവ് നോക്കി മണിക്കൂറുകളോളം കാത്തിരുന്നിട്ടുണ്ട്. കൂട്ടിനു അപ്പു നായയും..... ശശികല എന്നുവിളിച്ച് കളിയാക്കും അനീയേട്ടൻ... ജയലളിതയുടെ തോഴിയായിരുന്നല്ലോ ശശികല അതുപോലെ... ധന്യയേച്ചി വന്നാൽ ഹെഡ്മാസ്സാജ് ചെയ്തു ചുറ്റിപ്പറ്റി നടക്കൽ ആയിരുന്നല്ലോ എന്റെ പണി.... ഗംഗമ്മാൻ വന്നു കഴിഞ്ഞാ പുതിയ ഡ്രസ്സ്‌ എന്താ കൊണ്ട് വന്നെന്നു അറിയാൻ തിടുക്കമാണ്. ഞങ്ങളില്ലെങ്കിൽ അമ്മമ്മയെ ഏൽപ്പിച്ചിട്ടുണ്ടാകും. അമ്മമ്മ അത് പടിഞ്ഞാറ്റയിലെ മൂലക്ക് വച്ച പായ കൊണ്ടുള്ള പെട്ടിയിൽ സൂക്ഷിച്ചു വയ്ക്കും. ആഴ്ചയിൽ തുണി വിൽക്കാൻ വരുന്ന കൊട്ടേട്ടൻ, മീൻകാരി കുംഭ, കുഞ്ഞാതി... ഇവരൊക്കെയോ ഇപ്പോൾ ഉണ്ടോ ആവോ...

 വെള്ളമുണ്ടും ബനിയനും ധരിച്ച് വെള്ളത്തോർത്തുകൊണ്ട് വീശി കുഞ്ഞമ്മാന്റെ വീടിന്റെ മുറ്റത്ത് കൂടെ ഗംഗമ്മാൻ നടക്കും.. വിഷമില്ലാത്ത പഴമാണ് പുഴുവുണ്ടായാലും കുഴപ്പമില്ല എന്നു പറഞ്ഞു പറങ്കി മാങ്ങ കഴിക്കും....

തായലെ വീട്ടിൽ നിന്നും ചന്ദ്രൻമാന്റെ വീട്ടിൽ ഫുഡ് കഴിക്കാൻ രാത്രി എല്ലാവരും കൂടെ  ഒരു പോക്കുണ്ട്... പിന്നെയുള്ളത് തുറവിലേക്കാണ്... വഴിയിൽ ചീറ്റിയിലൊന്ന് കയറും... തുറവിൽ പോയ ഒരു ദിവസം നിൽക്കും.. പാറ  കറങ്ങി നടന്നു ഫോട്ടോ എടുക്കും തോട്ടിൽ കുളിക്കും മീൻ പിടിച്ച് കുപ്പിയിലാക്കി കൊണ്ടുവരും...

 വെക്കേഷന് സിമിയേട്ടന്റെയും അനിയേട്ടന്റെയും കൂട്ടരുടെയും വക തെയ്യം കളിയാണ്.. കാത്തമ്മേടെ വീടിന്റെ താഴെയുള്ള ആ വലിയ കല്ലാണ് അമ്പലം... പിന്നെ ഇന്ന് പമ്പൂസാക്കിയതിന്റെ അടുത്തായിട്ട് കവുങ്ങിൻ പട്ട കൊണ്ട് പന്തല് കെട്ടി കളിക്കും... വിനി അമ്മായി ചീനച്ചട്ടി നിറയെ പുളിങ്കുരു വറുത്തു തരും.. അതും തിന്നു കൊണ്ടാ പന്തലിൽ ഇരിക്കാൻ നല്ല രസമാണ്.... ശവംനാറി പൂ കൊണ്ടുള്ള പന്തൽ വീടിന്റെ സൈഡിലും ഉണ്ട്. അതിന്റെ മണവും എനിക്ക് വളരെ ഇഷ്ടമാണ്. വീടിന്റെയും ഒലക്കോടിന്റെയും ഇടയിൽ ഒരു ബോണി നിറയെ ഉപ്പിട്ട കഞ്ഞിവെള്ളവും ഇളക്കികൊണ്ട് അമ്മമ്മ ഇരിക്കും പിന്നെ എല്ലാവരെയും ഒരു നീട്ടി വിളിയാണ് വറ്റും വെള്ളം കുടിക്കാൻ..വിളിയെങ്ങാൻ കേട്ടില്ലെങ്കിൽ പണി പാളും... അനിയേട്ടനും സിമിയേട്ടനും ആണ് അതിന്റെ ഇരകൾ... പൂരക്കാലമായതിനാൽ അനീഷേട്ടൻ       ഭാർഗവിയമ്മായി യുടെ വീട്ടിൽ പാലു വാങ്ങാൻ പോകുമ്പോൾ അമ്മമ്മ എന്നെയും പറഞ്ഞയക്കും കണ്ണങ്ങാട്ട് കുണ്ടോർ ചാമുണ്ഡിയുടെ അറയുടെ അടുത്തുള്ള ചെമ്പകത്തിൽ നിന്നും പൂക്കൾ പെറുക്കാൻ.... പൂരം കഴിയുംവരെ ജഡയൻ പൂവിന്റെ മണം വിട്ടു പോവുകയെയില്ല...

 ചീമേനി തെയ്യത്തിന് രണ്ടാമതും പോവാൻ ചന്ദ്രമ്മാനും അമ്മായിയും തന്നെ കനിയണം അവരെ സോപ്പിട്ടാലേ കാര്യം നടക്കു... പോയാൽ തിരിച്ചുവരുന്നത് രാമനാഥേട്ടന്റെ ജീപ്പിലാണ് കാ ത്തമ്മയുടെ വീടിനടുത്തുള്ള കുന്നിന്റെ താഴെ നിർത്തി മേലേക്ക് നടക്കും. 

 എല്ലാം പഴയ ഓർമ്മകളാണ്......... പക്ഷേ ആ ഓർമ്മകൾക്ക് സുഗന്ധം ഉണ്ട്   കണ്ണു നനയിക്കാൻ പാകത്തിലുള്ള നീറ്റലും...

Comments